അശ്രദ്ധമായി വാഹനമോടിച്ച യുവാവിനെ ശിക്ഷിച്ച് ഡല്‍ഹി ഹൈക്കോടതി; 15 ദിവസം സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കണം
ന്യൂഡല്‍ഹി: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവാവ് 15 ദിവസം സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയാണ് ജനുവരി അഞ്ച് മുതല്‍ 19 വരെ വൃത്തിയാക്കേണ്ടത്. തന്റെ പ്രവൃത്തിയുടെ പ്രത്യാഘാതം യുവാവ് മനസിലാക്കാനാണ് നിര്‍ദേശമെന്ന് ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു.
2024 ഏപ്രില്‍ ഒമ്പതിനാണ് ലജ്പത് നഗറിലെ ദയാനന്ദ് കോളനിയിലെ സ്വകാര്യ സ്‌കൂളിന് സമീപം യുവാവ് അശ്രദ്ധമായി കാര്‍ ഓടിച്ചത്. ഈ കാര്‍ തട്ടി ബൈക്ക് യാത്രക്കാരന് നേരിയ പരിക്കേറ്റു. അതിന് ശേഷമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഈ കേസ് റദ്ദാക്കാനാണ് കാര്‍ ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചത്. താനും ബൈക്ക് യാത്രക്കാരനും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്നും ഡ്രൈവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ധാരണാപത്രവും കോടതിയില്‍ ഹാജരാക്കി. പ്രതിയും വാദിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിനാല്‍ കേസ് മുന്നോട്ട് പോവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാലും ഹരജിക്കാരന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ സാമൂഹിക സേവനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.