മഖ്ബൂല്‍ ഭട്ടിന്റെയും അഫ്സല്‍ ഗുരുവിന്റെയും ഖബ്റുകള്‍ തീഹാര്‍ ജയിലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഹരജി തള്ളി
ന്യൂഡല്‍ഹി: മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെയും മുഹമ്മദ് അഫ്സല്‍ ഗുരുവിന്റെയും ഖബ്റുകള്‍ തിഹാര്‍ ജയിലില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. സര്‍ക്കാരിന് കീഴിലുള്ള ജയിലില്‍ ഈ ഖബ്റുകള്‍ തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൊതുതാല്‍പര്യത്തിന് എതിരാണെന്നും ജയിലിലുള്ള മറ്റു തടവുകാര്‍ ഈ ഖബ്റുകള്‍ക്ക് സമീപം പ്രാര്‍ത്ഥിക്കുന്നതായും ആരോപിച്ച് വിശ്വ വേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. എന്നാല്‍, ജയിലില്‍ ഖബ്‌റുകള്‍ വിലക്കുന്ന എന്തെങ്കിലും നിയമം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ജയിലിലെ ഖബ്‌റുകള്‍ ഹരജിക്കാരുടെ മൗലികാവകാശത്തെ എങ്ങനെയാണ് തടസപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു.
ഖബ്‌റുകള്‍ പുറത്തുകൊണ്ടുപോവണമെന്നാണ് ആവശ്യമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ജയില്‍ ചട്ടങ്ങള്‍ അങ്ങനെ പറയുന്നില്ലെന്ന് കോടതി അതിന് മറുപടി നല്‍കി. തടവുകാരുടെ മൃതദേഹം ജയിലില്‍ സംസ്‌കരിക്കണമെന്ന് പറയുന്ന വ്യവസ്ഥയില്ലെന്ന് അഭിഭാഷകന്‍ തുടര്‍ന്നു വാദിച്ചു. എന്നാല്‍, സംസ്‌കാരത്തിന് നിരോധനമുണ്ടോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അഫ്സല്‍ ഗുരുവിന്റെ സമുദായത്തില്‍പ്പെട്ട ആളുകള്‍ നിയമം ലംഘിച്ച് ഖബ്‌റില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍, അഫ്‌സല്‍ ഗുരുവിനെ മറവുചെയ്തിട്ട് 12 വര്‍ഷമായെന്നും ഇപ്പോള്‍ എന്തിനാണ് ഹരജിയുമായി വന്നതെന്നും കോടതി ചോദിച്ചു. ''' അന്ത്യകര്‍മങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണ്. അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ജയിലില്‍ തന്നെ സംസ്‌കാരം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 12 വര്‍ഷത്തിനുശേഷം നമുക്ക് അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കുമോ?''-കോടതി ചോദിച്ചു. തുടര്‍ന്നാണ് ഹരജി തള്ളി ഉത്തരവായത്.
ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിന്നും വേര്‍പിരിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടനയുടെ സ്ഥാപക നേതാവായാണ് മുഹമ്മദ് മഖ്ബൂല്‍ ഭട്ട് വിലയിരുത്തപ്പെടുന്നത്. വിവിധ കേസുകളിലായി രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭട്ടിന്റെ ശിക്ഷ 1984 ഫെബ്രുവരി 11ന് നടപ്പാക്കി. 2001ല്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയാണെന്ന് ആരോപിച്ചാണ് 2013 ഫെബ്രുവരി 13ന് മുഹമ്മദ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. ഇരുവര്‍ക്കുമായി കശ്മീരില്‍ ഒഴിഞ്ഞ ഖബ്‌റുകളുമുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തിഹാര്‍ ജയിലില്‍ നിന്നും ഭൗതികശരീരം ലഭിക്കുകയാണെങ്കില്‍ സംസ്‌കരിക്കാനാണ് അവ നിലനിര്‍ത്തിയിരിക്കുന്നത്.

