അക്രമത്തില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; കോടതികള്‍ ലിംഗഭേദമില്ലാത്ത സമീപനം സ്വീകരിക്കണം
സ്ത്രീകളെയും പുരുഷന്‍മാരെയും കോടതികള്‍ ഒരു പോലെ പരിഗണിക്കണം.
ന്യൂഡല്‍ഹി: അക്രമത്തില്‍ നിന്നും ക്രൂരതയില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മുളകുപൊടിയിട്ട് തിളപ്പിച്ച വെള്ളം ഭര്‍ത്താവിന്റെ ശരീരത്തില്‍ ഒഴിച്ച യുവതിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് സ്വരണ കാന്തയുടെ നിരീക്ഷണം. സ്ത്രീയാണെന്ന കാരണത്താല്‍ മാത്രം ആര്‍ക്കും ഇളവ് നല്‍കാനാവില്ല. സ്ത്രീ ശാക്തീകരണവും സംരക്ഷണവും പുരുഷന് ലഭിക്കേണ്ട നീതിയുടെ ചെലവിലാവരുത്. ഒരു വിഭാഗത്തിന് പ്രത്യേക ഇളവ് നല്‍കുന്നത് നീതിയുടെ അടിത്തറയുടെ ലംഘനമാണ്.
'' ഈ കേസ് വളരെ വലിയ ഒരു സാമൂഹിക വെല്ലുവിളിയാണ് എടുത്തുകാണിക്കുന്നത്. ഭാര്യമാരില്‍ നിന്ന് അക്രമത്തിന് ഇരയാകുന്ന പുരുഷന്മാര്‍ പലപ്പോഴും സവിശേഷമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. പുരുഷന്‍മാര്‍ അക്രമത്തിന് ഇരയാവില്ലെന്ന സമൂഹത്തിന്റെ വിശ്വാസവും ഇരയായി കണക്കാക്കപ്പെടുമ്പോള്‍ പുരുഷന്‍ അനുഭവിക്കുന്ന അപമാനവും ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹബന്ധങ്ങളില്‍ പുരുഷന്‍മാര്‍ അക്രമം നേരിടില്ലെന്ന സ്റ്റീരിയോടൈപ്പുകള്‍ നിലനില്‍ക്കാന്‍ ഇതുകാരണമാവുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും കോടതികള്‍ ഒരു പോലെ പരിഗണിക്കണം. ലിംഗഭേദമില്ലാത്ത സമീപനം ആവശ്യമാണെന്ന കാര്യം കോടതികള്‍ തിരിച്ചറിയണം.''-ജസ്റ്റിസ് സ്വരണ കാന്ത വിശദീകരിച്ചു.
വ്യാജബലാല്‍സംഗ പരാതി നല്‍കി ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചെന്ന് ഭര്‍ത്താവിന്റെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. '' ഈ വസ്തുതകള്‍ മറിച്ചായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക.?. ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് മുളകുപൊടി കലര്‍ത്തിയ തിളച്ചവെള്ളം ഒഴിച്ചിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക ?. ദാമ്പത്യ ബന്ധങ്ങളില്‍ സ്ത്രീകള്‍ മാത്രമേ ശാരീരികമോ മാനസികമോ ആയ ക്രൂരതയ്ക്ക് ഇരയാകുന്നുള്ളൂ എന്ന ധാരണ പല കേസുകളിലും തെറ്റാണ്.''-കോടതി പറഞ്ഞു.