തട്ടിക്കൊണ്ടുപോവല്‍ കേസ്; റോ മുന്‍ ഏജന്റിനെതിരേ ജാമ്യമില്ലാ വാറന്റ്

Update: 2025-08-27 04:55 GMT

ന്യൂഡല്‍ഹി: രോഹിണിയിലെ ബിസിനസുകാരെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന കേസില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ വികാഷ് യാദവിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കി. വികാഷ് യാദവിനെ പിടികൂടി ഒക്ടോബര്‍ 17നകം ഹാജരാക്കണമെന്ന് പട്യാല കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കി.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വികാഷ് യാദവിനെ 2023 ഡിസംബര്‍ പതിനെട്ടിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. എന്നാല്‍, സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ യുഎസ് അധികൃതര്‍ ഇയാളെ പ്രതിയാക്കി. അതിന് ശേഷം വികാഷ് യാദവ് കോടതിയില്‍ ഹാജരായിട്ടില്ല. അതിനാലാണ് കോടതി ജാമ്യമില്ലാ വാറന്റ് ഇറക്കിയത്.