നജീബ് അഹ്‌മദിനെ കണ്ടെത്താനായില്ലെന്ന് സിബിഐ; കേസിലെ നടപടികള്‍ അവസാനിപ്പിച്ച് കോടതി
ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്‌മദിനെ കണ്ടെത്താനായില്ലെന്ന് സിബിഐ റിപോര്‍ട്ട്. തുടര്‍ന്ന് കേസിലെ നടപടികള്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജ്യോതി മഹേശ്വരി അവസാനിപിച്ചു. പുതിയ തെളിവുകള്‍ വരുകയാണെങ്കില്‍ വീണ്ടും അന്വേഷണം നടത്തേണ്ടി വരുമെന്ന് ജഡ്ജി സിബിഐയെ ഓര്‍മിപ്പിച്ചു.
ജെഎന്‍യുവിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ 2016 ഒക്ടോബര്‍ 15നാണ് മഹീ-മാണ്ഡ്‌വി ഹോസ്റ്റലില്‍ നിന്നും കാണാതായത്. കാണാതാവുന്നതിന് മുമ്പ് നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.
നജീബിന്റെ തിരോധാനത്തില്‍ എബിവിപിക്ക് പങ്കുണ്ടെന്ന് നജീബിന്റെ മാതാവ് ഫാത്വിമ നഫീസ ആരോപിച്ചു. തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചുവെന്ന വകുപ്പ് പ്രകാരമാണ് ഡല്‍ഹി പോലിസ് കേസെടുത്തത്. നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അരലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. ഒമ്പതുപേരെയാണ് കേസില്‍ സംശയിച്ചിരുന്നത്. കേസില്‍ പോലിസ് മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2016 നവംബര്‍ 25ന് നജീബിന്റെ മാതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2017 മേയ് 16ന് കേസിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു.
കേസില്‍ സിബിഐ മതിയായ അന്വേഷണം നടത്തുന്നില്ലെന്ന് 2017 ഒക്ടോബര്‍ 16ന് ഹൈക്കോടതി നിരീക്ഷിച്ചു. നജീബിനെ കണ്ടെത്താന്‍ വേണ്ട അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു വിമര്‍ശനം. കേസിലെ സാക്ഷികളെ പോലിസ് സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സംശയിക്കുന്ന ഒമ്പതുപേര്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഒമ്പതുപേരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ 2017 ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടു.
നജീബിനെതിരെ കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് 2018 മേയ് പതിനൊന്നിന് സിബിഐ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി 2018 സെപ്റ്റംബര്‍ നാലിന് അപേക്ഷയും നല്‍കി. ഇത് 2018 ഒക്ടോബര്‍ പത്തിന് കോടതി അംഗീകരിച്ചു.
ഇതിനെ നജീബിന്റെ ഉമ്മ കോടതിയില്‍ ചോദ്യം ചെയ്തു. രാഷ്ട്രീയ സ്വഭാവമുള്ള കേസാണ് ഇതെന്നും രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ സിബിഐ വഴങ്ങിയെന്നും അവര്‍ വാദിച്ചു. തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ ഉത്തരവായത്. ആ അന്വേഷണമാണ് സിബിഐ ഇപ്പോള്‍ അവസാനിപ്പിച്ചത്.

