ഷഹീന്‍ മാലിക്കിനെതിരായ ആസിഡ് ആക്രമണം; 16 വര്‍ഷത്തിന് ശേഷം പ്രതികളെ വെറുതെവിട്ടു
ന്യൂഡല്‍ഹി: ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ഷഹീന്‍ മാലിക്കിന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ മൂന്നു പ്രതികളെയും കോടതി വെറുതെവിട്ടു. ആസിഡ് ഒഴിക്കാന്‍ ഗൂഡാലോചന നടത്തുകയും വിദ്യാര്‍ഥിക്ക് ക്വട്ടേഷന്‍ നല്‍കുകയും ചെയ്തുവെന്ന ആരോപണം നേരിട്ട യശ്‌വീന്ദര്‍, മന്‍ദീപ്, ബാല എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജഗ്‌മോഹന്‍ സിംഗ് വെറുതെവിട്ടത്. ഗൂഡാലോചന തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷഹീന്‍ മാലിക്കിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കുട്ടിയെ 2015ല്‍ മൂന്നുവര്‍ഷം നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു.
പാനിപത്തിലെ ഓഫീസിന് സമീപം 2009 നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. അന്ന് ഷഹീന്‍ മാലിക്കിന് 23 വയസായിരുന്നു പ്രായം. എംബിഎ ബിരുദധാരിയായ ഷഹീന്‍ യശ്‌വീന്ദറിന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. യശ്‌വീന്ദര്‍ മോശമായി പെരുമാറിയതില്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയായിരുന്നു ഷഹീന്‍. അതിന് പിന്നാലെയാണ് ഷഹീന് നേരെ ആസിഡാക്രമണം നടന്നത്.
ആസിഡ് ആക്രമണത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം കണ്ണിന് കാഴ്ച്ചയില്ലാതിരുന്നിട്ടും അവര്‍ കേസ് നടത്തി. 25 ശസ്ത്രക്രിയകളാണ് അക്കാലത്ത് ഷഹീന്റെ മുഖത്തും തലയിലും നടത്തേണ്ടി വന്നത്. എന്നാല്‍, കേസിലെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവകാശപ്പെട്ട് ഹരിയാന പോലിസ് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഷഹീന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തുടരന്വേഷണം നടന്നു. കേസിന്റെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
2016ല്‍ ഹൈക്കോടതി കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി. ഷഹീന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രിംകോടതി 2018ല്‍ ഹൈക്കോടതി വിധി റദ്ദാക്കി. അങ്ങനെയാണ് കേസ് വിചാരണക്ക് എത്തിയത്. 2025 ഡിസംബര്‍ ഒന്നിന് ഷഹീന്‍ സുപ്രിംകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. സ്ത്രീകളെ കൊണ്ട് ആസിഡ് കുടിപ്പിക്കുന്നവര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവില്‍ പരിക്കേല്‍പ്പിച്ചു എന്ന വകുപ്പാണ് ചുമത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. കഴിഞ്ഞ 16 വര്‍ഷമായി ഷഹീന്‍ നീതിക്കായി നടക്കുന്നത് ദേശീയ നാണക്കേടാണെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. തുടര്‍ന്ന് കേസിന്റെ വിചാരണ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനും വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി.
ആസിഡ് ആക്രമണത്തിന്റെ ദുരന്തം അനുഭവിച്ച ഷഹീന്‍ 2021ല്‍ ബ്രേവ് സോള്‍സ് എന്ന പേരില്‍ സന്നദ്ധ സംഘടനയും സ്ഥാപിച്ചു. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് മെഡിക്കല്‍-നിയമ സഹായം നല്‍കലാണ് ഉദ്ദേശം. 2017 മുതല്‍ 2023 വരെ രാജ്യത്ത് 1,479 ആസിഡ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ 735 കേസുകളില്‍ വിചാരണ തുടങ്ങിയിട്ടില്ല. 649 എണ്ണത്തില്‍ വിചാരണ നടന്നു വരുകയാണ്.

