ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍

Update: 2026-01-21 11:40 GMT

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച് യുവാവിനെ ആത്മഹത്യ ചെയ്യിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഷിംജിതയെ ജയിലില്‍ അടച്ചു. പോലിസ് അറസ്റ്റ് ചെയ്ത് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. തുടര്‍ന്നാണ് ഷിംജിതയെ ജയിലില്‍ അടക്കാന്‍ ഉത്തരവായത്. പതിനാല് ദിവസത്തേക്കാണ് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരില്‍ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതി മനഃപൂര്‍വം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഷിംജിതയെ സ്‌പെഷ്യല്‍ സ്‌ക്വോഡ് പിടികൂടിയത്.