കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയായ വടകര മുട്ടുങ്ങലിലെ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്ന് പോലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദീപക്കുമായി മുന്‍പരിചയം ഇല്ലെന്നും ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്. അതേസമയം ഷിംജിത പ്രചരിപ്പിച്ച വീഡിയോക്കെതിരേ ബസിലെ മറ്റൊരു യാത്രക്കാരി പോലിസിനെ സമീപിച്ചിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പോലിസിനെ സമീപിക്കുകയായിരുന്നു.