മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസില്‍ വെറുതെവിട്ടു; ഒമ്പതു കോടി നഷ്ടപരിഹാരം തേടി വാഹിദ് ശെയ്ഖ്, നമ്പി നാരായണന് നല്‍കിയത് പോലെ നഷ്ടപരിഹാരം വേണം

Update: 2025-09-13 15:34 GMT

മുംബൈ: 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ വാഹിദ് ദീന്‍ മുഹമ്മദ് ശെയ്ഖ് ഒമ്പതുകോടി രൂപ നഷ്ടപരിഹാരം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. നിരപരാധിയായ താന്‍ ഒമ്പതുവര്‍ഷം ജയിലില്‍ കിടന്നെന്നും കസ്റ്റഡയില്‍ പോലിസ് തന്നെ പീഡിപ്പിച്ചെന്നും അദ്ദേഹത്തിന്റെ ഹരജി പറയുന്നു. 2006ല്‍ പോലിസ് അറസ്റ്റ് ചെയ്ത വാഹിദ് ദീന്‍ മുഹമ്മദ് ശെയ്ഖ് 2016ല്‍ വിചാരണക്കോടതി വെറുതെവിടും വരെ ജയിലിലായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് പുറമേ മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്കും ഹരജി നല്‍കിയിട്ടുണ്ട്.

താനും കുടുംബവും അനുഭവിച്ച ഗുരുതരമായ അനീതിയും കസ്റ്റഡി പീഡനവും വ്യക്തമാക്കുന്ന ഹരജികളാണ് നല്‍കിയിരിക്കുന്നത്. താനും കുടുംബവും ഇത്രവും കാലം തീവ്രവാദി എന്ന വിളി കേട്ടു. അതിനാല്‍ ജയിലില്‍ കഴിയേണ്ടി വന്ന ഓരോ വര്‍ഷത്തിനും ഒരു കോടി രൂപ വീതം, 9 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ശെയ്ഖ് മുംബൈ നഗരത്തിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു. തിരിച്ചെത്തിയ ശേഷം, അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അതിനൊപ്പം നിയമ ബിരുദം നേടുകയും ഇന്ത്യയിലെ ജയിലുകളുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രബന്ധത്തില്‍ പിഎച്ച്ഡി നേടുകയും ചെയ്തു.

2016ല്‍ വിചാരണക്കോടതി വെറുതെവിട്ട ശേഷം ഇന്നസെന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരില്‍ ഒരു സംഘടന അദ്ദേഹം രൂപീകരിച്ചു. ജയിലുകളില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കാനാണ് സംഘടന പ്രവര്‍ത്തിച്ചത്. പിന്നീട് 2025ല്‍ ബാക്കിയുള്ളവരെ ഹൈക്കോടതിയും കുറ്റവിമുക്തരാക്കി.

''എന്നെപ്പോലെ, അവരെല്ലാം നിരപരാധികളാണ്, പക്ഷേ അവരുടെ പോരാട്ടം എന്റേതിനേക്കാള്‍ വളരെക്കാലം തുടര്‍ന്നു. അതിനാല്‍, അവരുടെ മോചനത്തിനായി വാദിക്കുന്നതില്‍ ഞാന്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ അവരെല്ലാം മോചിതരായതിനാല്‍, എന്റെ തെറ്റായ അറസ്റ്റിനും പീഡനത്തിനും നീതി തേടാന്‍ ഞാന്‍ ആഗ്രഹിച്ചു,''-ശെയ്ഖ് പറഞ്ഞു.

വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നപ്പോള്‍ ഗ്ലോക്കോമ, ശരീരവേദന എന്നിവയുണ്ടായി. അതിന് തുടര്‍ച്ചയായ ചികില്‍സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ കഴിയുമ്പോള്‍ പിതാവ് മരിച്ചു, അമ്മയുടെ മാനസികാരോഗ്യം വഷളായി, സാമ്പത്തിക തകര്‍ച്ചയ്ക്കും സാമൂഹിക അപമാനത്തിനും ഇടയില്‍ ഭാര്യ ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തി. '' എന്റെ കുട്ടികള്‍ 'തീവ്രവാദിയുടെ മക്കള്‍' എന്ന് വിളിക്കപ്പെടുന്നതിന്റെ അപമാനത്തോടെയാണ് വളര്‍ന്നത്, അവരുടെ വളര്‍ച്ചാ വര്‍ഷങ്ങളില്‍ അവരുടെ പിതാവിന്റെ സാന്നിധ്യം അവര്‍ക്ക് നഷ്ടപ്പെട്ടു,''-ശെയ്ഖിന്റെ പരാതി പറയുന്നു. വീട്ടിലെ ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കടം വാങ്ങേണ്ടി വന്നു. അതിനാല്‍ വീട്ടുകാര്‍ക്ക് ഇപ്പോള്‍ 30 ലക്ഷം രൂപ കടമുണ്ട്.

''എന്റെ യൗവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷങ്ങള്‍, എന്റെ സ്വാതന്ത്ര്യം, എന്റെ അന്തസ്സ് എന്നിവ എനിക്ക് നഷ്ടപ്പെട്ടു. എനിക്ക് നഷ്ടപ്പെട്ട ഒമ്പത് വര്‍ഷങ്ങള്‍ ഒരു പണത്തിനും തിരികെ നല്‍കാനാവില്ല, എന്റെ പ്രിയപ്പെട്ടവര്‍ക്ക് വരുത്തിയ വേദന ഇല്ലാതാക്കാനും കഴിയില്ല. എന്നാല്‍ എനിക്ക് സംഭവിച്ചത് തെറ്റാണെന്ന് അംഗീകരിക്കുന്നതിനും മറ്റൊരു നിരപരാധിയും ഞാന്‍ അനുഭവിച്ചതുപോലെ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ് നഷ്ടപരിഹാരം,'' -അദ്ദേഹം പറയുന്നു.

സര്‍ക്കാരില്‍ നിന്ന് 9 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന തന്റെ ആവശ്യത്തെ ഒരു തരത്തിലും 'ദാനധര്‍മ്മമായി' കാണരുതെന്നും, മറിച്ച് തനിക്ക് സംഭവിച്ച 'ഗുരുതരമായ അനീതിക്കുള്ള അംഗീകാരമായി' കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അറസ്റ്റ് ചെയ്തിന് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രിംകോടതി വിധി തന്റെ ഹരജിയില്‍ ശെയ്ഖ് ഉദ്ധരിക്കുന്നു. 50 ദിവസം ജയിലില്‍ കിടന്ന നമ്പി നാരായണന് 1.3 കോടി രൂപയാണ് സുപ്രിംകോടതി നിര്‍ദേശപ്രകാരം കേരളസര്‍ക്കാര്‍ നല്‍കിയത്.