തെഹ്‌റാന്‍: ഇറാനിലെ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 180 ആയെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം. ഇറാനെതിരായ നീക്കത്തിലെ ആദ്യ ദിനത്തിലായിരുന്നു ആക്രമണം. അല്‍പം മുമ്പ് ഗാന്ധി ആശുപത്രിയില്‍ നടന്നതും സമാന ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിനു നേരെയാണ് ആദ്യദിനം ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോഴായിരുന്നു ആക്രമണം. ഭാഗികമായി തകര്‍ന്നു പുകയുന്ന കെട്ടിടത്തിന് ചുറ്റും നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതും, അവശിഷ്ടങ്ങള്‍ തെരുവിലുടനീളം ചിതറിക്കിടക്കുന്നതുമായ ഭയാനകമായ കാഴ്ചയാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ബാരക്കിനോട് ചേര്‍ന്നാണ് സ്‌കൂള്‍ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
'സ്വപ്നങ്ങളുമായി പഠിക്കാനെത്തിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ക്രൂരമായി ഇല്ലാതാക്കപ്പെട്ടത്' എന്ന് നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായ് പ്രതികരിച്ചു. സിവിലിയന്മാര്‍ക്ക് ആപത്തുണ്ടായ റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുന്നുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.