തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 20 പേര്‍ക്ക് ദാരുണാന്ത്യം

Update: 2026-04-19 12:39 GMT


ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം.

വിരുദുനഗറിലെ കട്ടനാര്‍പട്ടിക്ക് സമീപമുള്ള വനജ ക്രാക്കേഴ്സ് എന്ന പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. സംഭവസമയം 30ലേറെ തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫാക്ടറിയുടെ നാല് മുറികള്‍ സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വിരുദുനഗര്‍, ശിവകാശി, സാത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.