കാസര്‍കോട്: പെരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്‌റ്റേഷന്റെ വളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ജവഹര്‍ നവോദയ സ്‌കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്‌റ്റേഷന്റെ വളപ്പിലുള്ള ആഴമേറിയ കുഴിയിലാണ് പുരുഷന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പോലിസിനെ വിവരമറിയിച്ചോടെയാണ് സംഭവം പുറത്തറിയുന്നത്. പോലിസെത്തി നടത്തിയ പരിശോധനയിലാണ് സര്‍വീസ് സ്‌റ്റേഷനുവേണ്ടി നിര്‍മിച്ച കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിയാനായുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വിവിധ നാടുകളിലുള്ള തൊഴിലാളികള്‍ സമീപത്തായി താമസിച്ചിരുന്നു. ഇവര്‍ക്കിടയില്‍ കഴിഞ്ഞദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച് പോലിസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വിരലടയാള വിദഗ്ദരും മറ്റും പ്രദേശത്ത് പരിശോധന നടത്തുകയാണ്.