ഇന്‍ഡോറിലെ കുടിവെള്ള ദുരന്തം: മേയര്‍ ആര്‍എസ്എസ് ഓഫിസില്‍ രഹസ്യ ചര്‍ച്ച നടത്തിയത് വിവാദമാവുന്നു

Update: 2026-01-09 03:11 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത വെള്ളം കുടിച്ച് നിരവധി പേര്‍ മരിച്ചതിന് പിന്നാലെ മേയര്‍ ആര്‍എസ്എസ് ഓഫിസില്‍ രഹസ്യചര്‍ച്ച നടത്തിയത് വിവാദമാവുന്നു. ബുധനാഴ്ച പാതിരാത്രിയാണ് മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ് ആര്‍എസ്എസ് ഓഫിസില്‍ രഹസ്യയോഗം നടത്തിയത്. മേയര്‍ക്കൊപ്പം ജില്ലാ കലക്ടറും ഈ യോഗത്തില്‍ പങ്കെടുത്തു. യോഗത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ഇന്‍ഡോറിലെ പൈപ്പുകളിലൂടെ വിഷം ഒഴുകുമ്പോള്‍, നിരവധി പേര്‍ മരിച്ചിരിക്കുമ്പോള്‍ മരിച്ചവരുടെ വീടുകളിലോ ആശുപത്രികളിലോ ഉണ്ടാവേണ്ട മേയര്‍ പാതിരാത്രി ആര്‍എസ്എസ് ഓഫിസില്‍ പോയത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജിതു പട്‌വാരി ചോദിച്ചു. എന്നാല്‍, താന്‍ ആര്‍എസ്എസുകാരനാണെന്ന് മേയര്‍ പറഞ്ഞു. ഞായറാഴ്ച നടക്കാനുള്ള പ്രകടനങ്ങളെ കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത വെള്ളം കുടിച്ച് ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ 446 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അതില്‍ 396 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 50 പേര്‍ ആശുപത്രിയില്‍ തുടരുന്നു. അതില്‍ പത്തുപേര്‍ ഐസിയുവിലാണ്. എട്ടു പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, 18 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നാണ് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നത്.