2004ന് ശേഷം മരിച്ച ഹിന്ദുവിന്റെ മകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശമുണ്ട്: ഹൈക്കോടതി

Update: 2025-07-08 12:39 GMT

കൊച്ചി: 2004 ഡിസംബര്‍ 20ന് ശേഷം മരിച്ച ഹിന്ദുവിന്റെ മകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യ അവകാമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 1975ലെ കേരള കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് എതിരാണെന്നും ജസ്റ്റിസ് ഈശ്വരന്‍ ചൂണ്ടിക്കാട്ടി.

കേരള കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പാരമ്പര്യ സ്വത്തില്‍ മക്കള്‍ക്ക് ജന്മാവകാശം ഉന്നയിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം നല്‍കുന്നു. ഈ പ്രശ്‌നമാണ് ഹൈക്കോടതി പരിശോധിച്ചത്. നിയമസഭ പാസാക്കിയ നിയമവും പാര്‍ലമെന്റ് പാസാക്കിയ നിയമവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് നിലനില്‍ക്കുകയെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ 2005ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഇനി മുതല്‍ ബാധകമെന്ന് കോടതി വിധിച്ചു. 2004 ഡിസംബര്‍ 20ന് വരെ ഭാഗം വച്ച സ്വത്തിന് ഈ ഭേദഗതി ബാധകമല്ലെന്ന് 2005ലെ നിയമഭേദഗതി പറയുന്നുണ്ട്. അതിനാല്‍ ഈ തീയ്യതിക്ക് ശേഷം മരിച്ചവരുടെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യഅവകാശമുണ്ടെന്ന് കോടതി വിശദീകരിച്ചു.

പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശം നല്‍കാത്തതിനെ ചോദ്യം ചെയ്ത് രണ്ടു സ്ത്രീകള്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാല്‍, ഇവരുടെ സഹോദരന്‍മാര്‍ ഈ വാദങ്ങളെ എതിര്‍ത്തു. പിതാവ് തങ്ങള്‍ക്ക് സ്വത്ത് എഴുതി തന്നതാണെന്നും 1975ലെ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് അവകാശമില്ലെന്നുമായിരുന്നു വാദം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.