കാസര്‍കോട്: സ്വവര്‍ഗരതിക്കാരുടെ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുണ്ടാക്കിയ പതിനാറുകാരനെ നിരവധി പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ഇതേ കേസില്‍ കോഴിക്കോട് കിണാശ്ശേരിയിലെ അബ്ദുള്‍ മനാഫിനെ (37) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു
ചന്തേര പോലിസ് പയ്യന്നൂര്‍ പോലിസിന് കൈമാറിയ കേസില്‍ രണ്ടുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പയിലെ കണ്ണടവ്യാപാര സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് അക്കുപറമ്പ് സ്വദേശി ആല്‍ബിന്‍ പ്രജിത്ത് എന്ന എന്‍ പി പ്രജീഷ്, പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ സി ഗിരീഷ് (47) എന്നിവരെയാണ് പയ്യന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ ചന്തേര പോലീസ് രജിസ്റ്റര്‍ചെയ്ത പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. 15 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തതില്‍ 16 പ്രതികളാണുള്ളത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീന്‍ വടക്കുമ്പാടിനെ(46) പിടിക്കാന്‍ പോലിസിന് സാധിച്ചിട്ടില്ല. ചന്തേരയിലും തലശ്ശേരിയിലും കൊച്ചി എളമക്കരയിലും ഓരോരുത്തര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനി പിടികിട്ടാനുള്ളത്.