മൈസൂരുവിലെ ഹരോഹള്ളിയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് ദലിത് സംഘടനകള്‍

Update: 2025-05-28 14:31 GMT

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിലെ ഹരോഹള്ളി ഗ്രാമത്തില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തെ എതിര്‍ത്ത് ദലിത് സംഘടനകള്‍. മേയ് 23ന് നടക്കാനിരുന്ന ക്ഷേത്ര നിര്‍മാണ ചടങ്ങുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപോര്‍ട്ട് പറയുന്നു. ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വ പ്രസന്നതീര്‍ത്ഥ, മൈസൂരുവില്‍ നിന്നുള്ള ബിജെപി എംപി യദുവീര്‍ വാഡിയാര്‍, ജി ടി ദേവഗൗഡ എംഎല്‍എ തുടങ്ങിയവര്‍ എത്തേണ്ട പരിപാടിയായിരുന്നു ഇത്. പക്ഷേ, പ്രതിഷേധക്കാര്‍ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും കീറിക്കളഞ്ഞു. ഇതോടെയാണ് ചടങ്ങുകള്‍ നിര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച രാമക്ഷേത്രത്തിലെ വിഗ്രഹം നിര്‍മിക്കാനുള്ള കല്ല് കൊണ്ടുപോയത് ഈ ഗ്രാമത്തില്‍ നിന്നായിരുന്നു. വിരമിച്ച അധ്യാപകനായ രാംദാസ് എന്ന ദലിത് സമുദായക്കാരന്‍ തന്നെയാണ് ഗ്രാമത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍, ക്ഷേത്രം അനുവദിക്കില്ലെന്നാണ് ദലിത് സംഘടനകള്‍ പറയുന്നത്. ദലിതുകളുടെ ഭൂമി മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന എസ്‌സി-എസ്ടി (ഭൂമി കൈമാറ്റം) നിയമത്തിന്റെ ലംഘനമാണ് ക്ഷേത്രമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രം ഗ്രാമത്തിലുണ്ടാവുന്നത് കൊണ്ട് ഗുണമില്ലെന്നും അത് ദലിത് വിരുദ്ധ നടപടിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

രാമക്ഷേത്രത്തിന് പകരം വിദ്യാഭ്യാസ സ്ഥാപനമാണ് വേണ്ടതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാംദാസ് അധ്യാപകനായത് ഭരണഘടന ഉളളതു കൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് ക്ഷേത്രം വരുന്നത് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കാന്‍ കാരണമാവുമെന്നും പ്രതിഷേധക്കാര്‍ ആശങ്കപ്പെട്ടു.