പോലിസ് കള്ളക്കേസില്‍ കുടുക്കിയ ദലിത് യുവതിയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പരിഗണിച്ചില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണവുമായി പോലിസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച ദലിത് യുവതി ബിന്ദു. പോലിസ് അതിക്രമത്തെ കുറിച്ച് പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി നോക്കാതെ മേശപ്പുറത്തേക്ക് ഇട്ടെന്ന് ബിന്ദു പറഞ്ഞു. മാല പോയ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പോലിസ് വിളിപ്പിക്കുമെന്നും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ പോയ്‌ക്കോളൂ എന്നുമാണത്രെ ശശി പറഞ്ഞത്.
വീട്ടുജോലി ചെയ്യുന്ന വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 23 നാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലിസ് കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍മക്കളെയും പ്രതിയാക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്ന് ബിന്ദു പറയുന്നു. മണിക്കൂറുകള്‍ പോലിസ് സ്‌റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.
അടുത്തദിവസം രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ പോലിസിനെ അറിയിച്ചതോടെയാണ് 20 മണിക്കൂറിന് ശേഷം ബിന്ദുവിനെ വിട്ടയയ്ക്കുന്നത്. പക്ഷേ, മാല കിട്ടിയ കാര്യം ബിന്ദുവിനോട് പോലിസ് പറഞ്ഞില്ല. വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരാതിയില്ലെന്നും അതിനാല്‍ വിടുകയാണെന്നുമാണ് പറഞ്ഞത്. ഇനി കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു പറയുന്നു.