'' ഇവര്‍ നമ്മളെപ്പോലെയല്ല, നമ്മളോടൊപ്പം ഗര്‍ബ കളിക്കരുത്''; നവരാത്രി നൃത്തത്തില്‍ നിന്നും ദലിത് യുവതിയെ മുടിക്ക് വലിച്ചുപുറത്താക്കി
അഹമദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഗര്‍ബ നൃത്തത്തില്‍ പങ്കെടുത്ത ദലിത് യുവതിയെ മുടിക്ക് പിടിച്ച് വലിച്ചുപുറത്താക്കി. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. 25കാരിയായ റിങ്കു വാന്‍കറിനെയാണ് പുറത്താക്കിയത്. ഗര്‍ബ നൃത്തത്തിലുണ്ടായിരുന്ന ലോമ പട്ടേല്‍, റോഷ്ണി പട്ടേല്‍, വൃഷ്ടി പട്ടേല്‍ എന്നിവരാണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് റിങ്കു പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ''ഇവര്‍ നമ്മളെപ്പോലെയല്ല, നമ്മളോടൊപ്പം ഗര്‍ബ കളിക്കരുത്'' എന്നു പറഞ്ഞായിരുന്നു ആക്രമണം. റിങ്കുവിന്റെ മുടിയില്‍ പിടിച്ചു വലിച്ചാണ് ഗര്‍ബ പന്തലില്‍ നിന്നും പുറത്താക്കിയത്.
''അവര്‍ എന്റെ നേരെ ജാതി അധിക്ഷേപം നടത്തുക മാത്രമല്ല, വീണ്ടും അതേ ഗര്‍ബയിലേക്ക് മടങ്ങാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു...,''-പരാതി പറയുന്നു. പ്രതികള്‍ക്കെതിരെ ഉപദ്രവിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്നതിനായി മനഃപൂര്‍വ്വം അപമാനിക്കല്‍, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.