തിപ്പിരി തിരുപ്പതി മാവോവാദി ജനറല്‍ സെക്രട്ടറിയെന്ന് റിപോര്‍ട്ട്

Update: 2025-09-09 17:43 GMT

ഹൈദരാബാദ്: നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി തെലങ്കാന സ്വദേശിയായ തിപ്പിരി തിരുപ്പതി എന്ന ദേവുജിയെ നിയമിച്ചതായി റിപോര്‍ട്ട്. ദലിത് വിഭാഗത്തില്‍ നിന്നുള്ള തിപ്പിരി തിരുപ്പതി നേരത്തെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ മേധാവിയായിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിദ്മ മാധവിയെ ചുമതലപ്പെടുത്തിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ കോയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണ്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന നമ്പാല കേശവ റാവു എന്ന ബാസവരാജുവും 27 ഗറില്ലകളും മേയ് 21ന് ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷമാണ് തിപ്പിരി തിരുപ്പതി പദവിയില്‍ എത്തുന്നത്. പശ്ചിമഘട്ടത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗോവയ്ക്കും കേരളത്തിനും ഇടയിലുള്ള പ്രദേശങ്ങളില്‍ ഇയാള്‍ സജീവമായിരുന്നുവത്രെ. 2009ല്‍ പശ്ചിമബംഗാളിലെ ലാല്‍ഗഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കിഷന്‍ജി എന്ന മല്ലൗജ കോട്ടേശ്വര റാവു കൊല്ലപ്പെട്ടതിന് ശേഷം തിപ്പിരി തിരുപ്പതിക്കായിരുന്നു പ്രദേശത്തെ പാര്‍ട്ടിയുടെ ചുമതല.

2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ 75 സിആര്‍പിഎഫ് സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് തിപ്പിരി തിരുപ്പതിയും ഹിദ്മയും ചേര്‍ന്നാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 2007ല്‍ ഛത്തീസ്ഗഡിലെ റാണിബോധ്‌ലിയില്‍ 55 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയതില്‍ തിരുപ്പതിക്ക് പങ്കുണ്ടത്രെ. വിവിധ പോലിസ് വിഭാഗങ്ങള്‍ തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ട ഹിദ്മ ബിജെപി മുന്‍ എംഎല്‍എ ഭീമ മാണ്ഡ്‌വിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഓപ്പറേഷന്‍ കഗാര്‍, ഓപ്പറേഷന്‍ പ്രഹര്‍ എന്നീ പേരുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനുകളില്‍ അടുത്തിടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷമാണ് പുനസംഘടന നടന്നിരിക്കുന്നത്.