വിവാഹചടങ്ങില്‍ കുതിരപ്പുറത്ത് കയറിയ ദലിത് യുവാവിനെ വലിച്ചിറക്കി മര്‍ദ്ദിച്ചു (വീഡിയോ)

Update: 2025-02-22 15:04 GMT

മീറത്ത്: വിവാഹചടങ്ങിന്റെ ഭാഗമായി കുതിരപ്പുറത്ത് യാത്ര ചെയ്യുകയായിരുന്ന ദലിത് വരനെയും സംഘത്തെയും സവര്‍ണ ജാതിസംഘം ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച 40 അംഗസംഘം കൂടെ ഉണ്ടായിരുന്നവരെയും ആക്രമിച്ചു. വടിയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ആറു പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ഇനി ഈ വഴി വന്നുപോവരുതെന്ന് ഭീഷണിപ്പെടുത്തിയാണ് താക്കൂര്‍ സംഘം ഇവരെ മടക്കി അയച്ചത്.

സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി എഎസ്പി റിജുല്‍ കുമാര്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസ്. കേസില്‍ ഇനിയും 25 പേരെ പിടികിട്ടാനുണ്ട്. സവര്‍ണവിഭാഗങ്ങള്‍ പാര്‍ക്കുന്ന പ്രദേശത്തുകൂടെ രാത്രിയില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പോയതാണ് സംഘര്‍ഷത്തിന് കാരണമെന്നും എഎസ്പി പറഞ്ഞു. താക്കൂര്‍ വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്ന് പരിപാടിയില്‍ പങ്കെടുത്ത സുരേന്ദ്ര സിങ് പറഞ്ഞു. ഉത്തര്‍പ്രദേശ് പോലിസിലെ കോണ്‍സ്റ്റബിളായ ഒരു ദലിത് യുവാവിന്റെ വിവാഹച്ചടങ്ങും നേരത്തെ ഒരു സവര്‍ണ്ണസംഘം തടസപ്പെടുത്തിയിരുന്നു.