ക്രിസ്തു മതം സ്വീകരിച്ച ദലിത് കുടുംബം പഴയ ക്ഷേത്രം പൊളിച്ചു; റായ്ഗഡില്‍ സംഘര്‍ഷം അഴിച്ചുവിട്ട് ഹിന്ദുത്വര്‍

Update: 2025-05-30 04:31 GMT

റായ്പൂര്‍: ക്രിസ്തുമതം സ്വീകരിച്ച ദലിത് കുടുംബം പഴയ ക്ഷേത്രം പൊളിച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഡിലെ റായ്ഗഡിലെ ഭതന്‍പാലിയില്‍ ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ ദലിത് കുടുംബത്തിലെ മൂന്നു പേരെയും ജെസിബി ഓപ്പറേറ്ററെയും മറ്റൊരാളെയും പോലിസ് അറസ്റ്റ് ചെയ്തു. ഹിന്ദു വിശ്വാസം പിന്തുടര്‍ന്നിരുന്ന ദലിത് കുടുംബം 2020ലാണ് ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവര്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നു. ഇതോടെയാണ് ജെസിബി കൊണ്ടുവന്ന് ഉപയോഗ്യശൂന്യമായ ക്ഷേത്രം പൊളിച്ചത്. ക്ഷേത്രത്തില്‍ വിഗ്രഹമുണ്ടായിരുന്നില്ല. ഇതോടെ മതവികാരം വ്രണപ്പെട്ടെന്ന് പറഞ്ഞ് ബജ്‌റംഗ് ദളുകാര്‍ രംഗത്തെത്തുകയായിരുന്നു. അവര്‍ പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കാന്‍ ശ്രമിച്ചു. പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം കുരിശ് എടുത്തുമാറ്റി കാവിത്തുണി കെട്ടി.

ഹനുമാന്‍ ക്ഷേത്രത്തില്‍ വിഗ്രഹമുണ്ടായിരുന്നില്ലെന്ന് റായ്ഗഡിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡിഗ്രീ പ്രസാദ് ചൗഹാന്‍ പറഞ്ഞു. '' ക്ഷേത്രത്തില്‍ ആരാധനയൊന്നുമുണ്ടായിരുന്നില്ല. ദലിത് കുടുംബത്തെ പീഡിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ദലിത് കുടുംബത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. എന്നാല്‍, പ്രദേശത്ത് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയില്ല.''-അദ്ദേഹം പറഞ്ഞു.