തിരുച്ചിറപ്പള്ളി: ദേവാലയത്തില്‍ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ദലിത് ക്രിസ്ത്യാനികള്‍ നിരാഹാര സമരം നടത്തി. തമിഴ്‌നാട്ടിലെ കോട്ടപാളയം ഗ്രാമത്തിലെ ദലിത് ക്രിസ്ത്യാനികളാണ് തിരുച്ചിറപ്പള്ളി കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെന്റ് മേരി മഗ്ദലീന്‍ ചര്‍ച്ചിലെ ആഘോഷത്തിലും പരിപാടികളിലും പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
കുമ്പകോണം റോമന്‍ കത്തോലിക് അതിരൂപതയ്ക്ക് കീഴിലാണ് ദേവാലയം പ്രവര്‍ത്തിക്കുന്നത്. ഇടവകയിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന രഥയാത്രയില്‍ താന്‍ പങ്കെടുക്കില്ലെന്ന് ബിഷപ്പ് ജീവാനന്ദം അമല്‍നാഥന്‍ പറഞ്ഞു. ദേവാലയത്തിന് വരിസംഖ്യ നല്‍കാനോ ആസൂത്രണ യോഗങ്ങളില്‍ പങ്കെടുക്കാനോ തങ്ങളെ അനുവദിക്കില്ലെന്ന് ദലിത് ക്രിസ്ത്യാനികള്‍ ആരോപിക്കുന്നു. ദേവാലയത്തിലെ രഥം ദലിത് പ്രദേശങ്ങളിലൂടെ കൊണ്ടുപോവുക പോലുമില്ല. ഉല്‍സവം നിങ്ങളുടേതല്ലെന്ന് പുരോഹിതനും സവര്‍ണ ക്രിസ്ത്യാനികളും പറഞ്ഞതായും അവര്‍ ആരോപിക്കുന്നു.
വരിസംഖ്യയ്ക്ക് പകരം സംഭാവനയാണ് ദലിതരില്‍ നിന്നും പണം പിരിക്കുന്നതെന്ന് പ്രദേശവാസിയായ ജെ ദോസ് പ്രകാശ് പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് ദേവാലയത്തിലെ ഏഴു രഥങ്ങളില്‍ ഒരെണ്ണമെങ്കിലും ദലിത് പ്രദേശത്ത് കൂടെ കൊണ്ടുപോവണമെന്നാണ് ആവശ്യം.