ഏഴ് വര്‍ഷമായി മുടങ്ങിക്കിടന്ന അണക്കെട്ട് പദ്ധതി നടപ്പാക്കി ബീവറുകള്‍; സര്‍ക്കാരിന് പത്ത് കോടി ലാഭം

Update: 2025-02-22 04:48 GMT

പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്): സര്‍ക്കാരിന്റെ അനാസ്ഥമൂലം വര്‍ഷങ്ങളായി നടപ്പാവാതിരുന്ന അണക്കെട്ട് പദ്ധതി നടപ്പാക്കി ബീവറുകള്‍. ചെക്ക് റിപ്പബ്ലിക്കിലെ ബര്‍ഡി സംരക്ഷിത പ്രദേശത്താണ് ബീവറുകള്‍ ചെറിയ തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന് 10.87 കോടി രൂപ ലാഭമായതായി റിപോര്‍ട്ടുകള്‍ പറയുന്നു. തെക്കന്‍ പ്രാഗിലെ വിതാവ നദിയെയും അതിലെ ജൈവസമ്പത്തിനെയും സംരക്ഷിക്കാനാണ് ഏഴു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അണക്കെട്ട് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലെ പലവിധ തര്‍ക്കങ്ങള്‍ മൂലം പദ്ധതി നടപ്പായില്ല.


പിന്നീട് പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് അവിടെ നിരവധി ചെറിയ തടയണകള്‍ അധികൃതര്‍ കണ്ടത്. ബീവറുകളാണ് ഈ തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. എട്ടോളം ബീവറുകള്‍ പ്രദേശത്ത് താമസമാക്കിയിട്ടുമുണ്ട്. കാട്ടിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന ജീവികളാണ് ബീവറുകള്‍. അണക്കെട്ട് നിര്‍മാണത്തില്‍ അതിവിദഗ്ദ്ധരാണ് ഇവര്‍. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങള്‍ മുറിച്ച് കാട്ടില്‍ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിര്‍ത്തി അതിനു നടുവില്‍തന്നെ ബീവറുകള്‍ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിര്‍മിക്കുക.


പ്രകൃതി അതിന്റെ കടമനിര്‍വഹിച്ചുവെന്നാണ് സംഭവത്തെ കുറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ മേധാവിയായ ബൊഹുമില്‍ ഫൈസര്‍ അഭിപ്രായപ്പെട്ടത്. പരിസ്ഥിതിക്ക് ഏറ്റവും ഇണങ്ങിയ തടയണകളാണ് ബീവറുകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തടയണകള്‍ മൂലം അഞ്ച് ഏക്കര്‍ തണ്ണീര്‍തടം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതി നടപ്പാവുകയായിരുന്നുവെങ്കില്‍ രണ്ട് ഏക്കര്‍ തണ്ണീര്‍തടം മാത്രമേ സംരക്ഷിക്കപ്പെടുമായിരുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാത്രി കൊണ്ടോ രണ്ടു രാത്രി കൊണ്ടോ ബീവറുകള്‍ അണക്കെട്ടുകള്‍ നിര്‍മിക്കുമെന്ന് സുവോളജിസ്റ്റായ ജിരി വിസെക് പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ പദ്ധതിക്ക് അനുമതി വാങ്ങിയും പണം കണ്ടെത്തി വരുമ്പോഴേക്കും കാലങ്ങളെടുക്കും. ബീവറുകള്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 18 മുതല്‍ 36 വരെ കിലോഗ്രാം തൂക്കം വരുന്ന ബീവറുകള്‍ നദിയില്‍ ആദ്യം ചെറിയ കല്ലുകള്‍ കൊണ്ടുവന്നിടുകയാണ് ചെയ്യുക. എന്നിട്ട് അതിനെ ചെളി കൊണ്ടുപൊതിയും. അതിനെ കുളമാക്കി മാറ്റും. ഇത് പിന്നീട് തണ്ണീര്‍തടമാക്കി മാറ്റും. ജലസേചനവകുപ്പ് പിരിച്ചുവിട്ട് ബീവറുകളെ ചുമതലയേല്‍പ്പിക്കണമെന്നാണ് ചില ചെക്ക് പൗരന്‍മാര്‍ ആവശ്യപ്പെടുന്നത്.