കസ്റ്റഡിയിലെ മര്‍ദ്ദനം പോലിസിന്റെ ഡ്യൂട്ടിയുടെ ഭാഗമല്ല; അത്തരക്കാര്‍ക്ക് സംരക്ഷണമില്ല: ഹൈക്കോടതി
കൊച്ചി: ആരോപണ വിധേയരെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കല്‍ പോലിസുകാരുടെ ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് ഹൈക്കോടതി. മോഷണം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ഒരു യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലിസുകാര്‍ക്കെതിരേ കുറ്റം ചുമത്താന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയ വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സിആര്‍പിസിയിലെ 197ാം വകുപ്പ് പ്രകാരം അനുമതി വേണമെന്നാണ് വിചാരണക്കോടതി പറഞ്ഞിരുന്നത്. ഈ അനുമതി ഇല്ലാത്തതിനാല്‍ പോലിസുകാരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് വന്ന അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഡ്യൂട്ടിയില്‍ ഇരിക്കെ ചെയ്യുന്ന നിയവിരുദ്ധ പ്രവൃത്തികള്‍ക്ക് സംരക്ഷണം നല്‍കാനല്ല സിആര്‍പിസിയിലെ 197ാം വകുപ്പെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ആരോപണങ്ങള്‍ക്കാണ് ഈ വകുപ്പ് ബാധകമെന്ന് കോടതി വിശദീകരിച്ചു. തുടര്‍ന്നാണ് പോലിസുകാര്‍ക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താന്‍ നിര്‍ദേശിച്ചത്. ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ദലിത് യുവതിയാണ് പോലിസുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. മൂന്നു വനിതാപോലിസുകാര്‍ അടക്കം തന്നെ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.
