വെനുസ്വേലയ്ക്കെതിരായ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 32 സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ക്യൂബ

Update: 2026-01-16 03:16 GMT

ഹവാന: വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോയെ തട്ടിക്കൊണ്ടുപോവാന്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 32 സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ക്യൂബ. നിക്കോളാസ് മധുറോടെയുടെ അഭ്യര്‍ത്ഥന പ്രകാരം വെനുസ്വേലയില്‍ എത്തിയ ക്യൂബന്‍ സൈനികരാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഇവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്നലെ ഹവാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു. പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ നേരിട്ട് വിമാനത്താവളത്തില്‍ എത്തി. മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും സൈനികവേഷത്തില്‍ വിമാനത്താവളത്തില്‍ എത്തി. സഹോദര രാഷ്ട്രത്തിന് വേണ്ടി പോരാടി മരിച്ചവരാണ് സൈനികരെന്ന് പ്രസിഡന്റ് പറഞ്ഞു. ജനുവരി മൂന്നിന് കാരക്കാസില്‍ നടന്ന ആക്രമണത്തില്‍ അവസാന ശ്വാസം വരെ ക്യൂബന്‍ സൈനികര്‍ പോരാടിയെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ലസാരോ ആല്‍ബര്‍ട്ടോ അല്‍വാരസ് പറഞ്ഞു. യുഎസ് ക്യൂബയെ ആക്രമിക്കുകയാണെങ്കില്‍ അവസാന തുള്ളി രക്തം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.