സിആര്‍പിഎഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Update: 2025-11-29 02:04 GMT

കോട്ടയം: പോലിസ് എഴുതിത്തള്ളിയ വാഹനാപകട മരണക്കേസില്‍ മരിച്ചയാളുടെ അവകാശികള്‍ക്ക് 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം മാഞ്ഞൂര്‍ കോതനല്ലൂര്‍ മലയില്‍ വീട്ടില്‍ ജയേഷ്‌കുമാറിന്റെ അവകാശികള്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ജഡ്ജി പ്രസൂണ്‍മോഹന്‍ വിധി എഴുതിയത്.

2021 ഒക്ടോബറില്‍ ഏറ്റുമാനൂര്‍-കടുത്തുരുത്തി മെയിന്റോഡില്‍ കാണക്കാരി കളരിപ്പടിയിലായിരുന്നു അപകടം. സിആര്‍പിഎഫില്‍ ജവാനായിരുന്ന ജയേഷ്‌കുമാര്‍ (36)അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയും ജയേഷ് കുമാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ജയേഷ്‌കുമാറിനെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിന്റെ ഡ്രൈവര്‍ക്കെതിരേ കുറവിലങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ജയേഷ്‌കുമാറിന്റെ അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ജയേഷ്‌കുമാറിന്റെ ഭാര്യ പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു.

സംഭവം നേരില്‍കണ്ട സാക്ഷികളുടെ മൊഴിയും പോലിസ് മഹസ്സറും മറ്റുതെളിവുകളും പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ കാര്‍ ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുംകൊണ്ടാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി കാര്‍ ഡ്രൈവര്‍ക്കെതിരേ കുറ്റം ചുമത്തി കേസ് ഫയലില്‍ സ്വീകരിച്ചു. പ്രതിയെ കോടതി നേരിട്ട് സമന്‍സയച്ച് വരുത്തി. നഷ്ടപരിഹാരത്തിനായി ജയേഷിന്റെ ഭാര്യയും മകനും മാതാപിതാക്കളും എംഎസിടി കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസിലാണ് 1.60 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.