യോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍ ചെയര്‍മാനും ആള്‍ദൈവവും അടക്കം 34 പ്രതികള്‍

Update: 2025-07-05 06:00 GMT

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ വന്‍ തട്ടിപ്പെന്ന് സിബിഐ. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് യുജിസി മുന്‍ ചെയര്‍മാനും മുംബൈയിലെ ടിഐഎസ്എസിലെ ചാന്‍സലറുമായ ഡി പി സിങ്, ആള്‍ ദൈവം റാവത്ത്പുര സര്‍ക്കാര്‍, ഐഎഫ്എസ് ഓഫിസര്‍ സഞ്ജയ് ശുക്ല, കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍, നാഷണല്‍ മെഡിക്കല്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ അടക്കം 34 പേര്‍ക്കെതിരേ കേസടുത്തു. നിരവധി സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടന്നതായും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതായും സിബിഐ അറിയിച്ചു.

രാജ്യത്തെ 40 മെഡിക്കല്‍ കോളജുകളില്‍ തട്ടിപ്പ് നടന്നതായി സിബിഐ പറയുന്നു. മെഡിക്കല്‍ കോളജ് പരിശോധിക്കാന്‍ എത്തുന്ന സംഘങ്ങളുടെ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് ചോര്‍ത്തി നല്‍കി. ഇത് അന്വേഷകര്‍ക്ക് കൈക്കൂലി നല്‍കാന്‍ കാരണമായി. ചില സ്ഥാപനങ്ങള്‍ വ്യാജ സൗകര്യങ്ങള്‍ നിര്‍മിച്ച് പരിശോധകരെ കാണിച്ചു. ചില സ്ഥാപനങ്ങള്‍ ഇല്ലാത്ത രോഗികളുടെ പട്ടിക അന്വേഷണ സംഘത്തെ കാണിച്ചു. ജീവനക്കാരുടെ എണ്ണത്തിലും അവര്‍ വ്യാജരേഖകളുണ്ടാക്കിയെന്നും സിബിഐ പറയുന്നു.

ആള്‍ ദൈവം റാവത്ത്പുര സര്‍ക്കാര്‍ അധികാരത്തോട് അടുത്തുനില്‍ക്കുന്ന ബാബയെന്നാണ് അറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാരില്‍ പോലും വലിയ സ്വാധീനമുള്ളയാളാണ് ഇയാള്‍. ഭൂമി കൈയ്യേറ്റം, അംഗീകാരമില്ലാതെ കോളജുകള്‍ നടത്തല്‍, മതപരമായ പരിപാടികള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കല്‍, ആശ്രമത്തിലെ വനിതകളെ മാനസികമായി പീഡിപ്പിക്കല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെയുണ്ട്.