ജഡ്ജിമാര്‍ സംഘപരിവാര്‍ അജണ്ടക്കനുസൃതമായി പ്രവര്‍ത്തിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെ മൂന്നു ദിവസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി

Update: 2025-07-16 16:00 GMT

കൊച്ചി: കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് സംഘപരിവാര്‍ അജണ്ടക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ മൂന്നു ദിവസം തടവിന് ശിക്ഷിച്ചു. എറണാകുളം തിരുവള്ളൂര്‍ സ്വദേശി പി കെ സുരേഷ് കുമാറിനെയാണ് മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. നേരത്തെ ജഡ്ജിമാര്‍ക്കെതിരേ പരാമര്‍ശം നടത്തിയ സുരേഷ് കുമാറിനെതിരെ കോടതി കേസെടുത്തിരുന്നു. ഇതില്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍, 2024 മാര്‍ച്ചില്‍ വീണ്ടും സമാനമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ ജഡ്ജിമാരുടെ ചേംപറില്‍ പോയി അനുകൂലമായ വിധികള്‍ സമ്പാദിക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുകയുണ്ടായി. ആദ്യ കോടതിയലക്ഷ്യ കേസില്‍ താന്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടതാണെന്നും പോസ്റ്റിടുകയുണ്ടായി. മറ്റൊരു കേസിലെ കോടതി പരാമര്‍ശങ്ങള്‍ വാക്കാലുള്ള വയറിളക്കം ആണെന്നും പോസ്റ്റിടുകയുണ്ടായി. തുടര്‍ന്നാണ് രണ്ടാമതും സ്വമേധയാ കോടതിയലക്ഷ്യ ഹരജി ഫയലില്‍ സ്വീകരിച്ചത്. ഇതില്‍ വാദം കേട്ടതിന് ശേഷമാണ് സുരേഷ് കുമാറിനെ ശിക്ഷിച്ചത്.