''ഞങ്ങളുടെ ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു''; ഗസയില്‍ യുദ്ധത്തിന് ഇല്ലെന്ന് ഗോലാനി സൈനികര്‍, രണ്ടു പേരെ ജയിലില്‍ അടച്ചു

Update: 2025-09-19 04:20 GMT

തെല്‍ അവീവ്: ഇസ്രായേലി സൈന്യത്തിലെ നമ്പര്‍ വണ്‍ ബ്രിഗേഡ് എന്നറിയപ്പെടുന്ന ഗോലാനി ബ്രിഗേഡിലെ രണ്ടു സൈനികരെ മിലിട്ടറി പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഗസയില്‍ യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. മറ്റു മൂന്നുപേരെ സൈനിക ആസ്ഥാനത്തേക്ക് മാറ്റി. ഗസയിലെ യുദ്ധത്തെക്കുറിച്ച് ഗോലാനി കമാന്‍ഡോകള്‍ പറയുന്നത് ഇങ്ങനെ: ''യുദ്ധത്തിന് പോവുന്നില്ലെന്ന് ഞങ്ങള്‍ ബറ്റാലിയന്‍ കമാന്‍ഡറോട് പറഞ്ഞു. അയാള്‍ ഞങ്ങളെ ചാടിക്കടിക്കാന്‍ വന്നു. നൂലില്‍ കെട്ടിയ പാവകളെ പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ ഒന്നുമല്ലെന്ന തോന്നലാണ് അവരുണ്ടാക്കുന്നത്. സര്‍ക്കാരിന് ഞങ്ങള്‍ ഒന്നുമല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ യുദ്ധം ചെയ്യുന്നു. ലബ്‌നാനിലും സിറിയയിലും ഗസയിലും യുദ്ധം ചെയ്തു. ഇസ്രായേലി സൈനികര്‍ തന്നെ ഇസ്രായേലി സൈനികരെ കൊന്നു. വിഷമകരമായ സംഭവങ്ങളുണ്ടായി. ഞങ്ങളുടെ ആത്മാവ് കീറിമുറിക്കപ്പെട്ടിരിക്കുന്നു. ഇനിയും അത് താങ്ങാനാവില്ല.''

നിരവധി സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു. ''മാനസിക ആരോഗ്യ വിദഗ്ദരുമായി സംസാരിച്ചതിന് ശേഷവും അവര്‍ യുദ്ധത്തിന് വന്നില്ല. അതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു.''-സൈനിക വക്താവ് പറഞ്ഞു.

1948ലെ സയണിസ്റ്റ് അധിനിവേശ യുദ്ധത്തിലാണ് ഗോലാനി ബ്രിഗേഡ് രൂപീകരിച്ചത്. പിന്നീട് 1967ലെയും 1973ലെയും 1978ലെയും 1982ലെയും 2006ലെയും അധിനിവേശങ്ങളില്‍ അവര്‍ സജീവ പങ്കുവഹിച്ചു. തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ലബ്‌നാനിലും ഗസയിലും അവര്‍ അധിനിവേശം നടത്തി. പക്ഷേ, ലബ്‌നാനില്‍ ഹിസ്ബുല്ലയില്‍ നിന്നും അവര്‍ കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു.