ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: മുസ്‌ലിം സംഘടനാ നേതാക്കള്‍

Update: 2025-11-11 08:28 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍. ദുരന്തത്തില്‍ അഗാധമായ ദുഃഖവും ദുഃഖവും പ്രകടിപ്പിക്കുകയും ഈ ഭയാനകമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും അതിന് പിന്നിലുള്ളവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്‌ഫോടനം ക്രൂരമായ പ്രവൃത്തിയാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മൗലാന മഹ്‌മൂദ് അസദ് മദനി പറഞ്ഞു. ''പൊതുജനങ്ങള്‍ ശാന്തതയും ഐക്യവും പാലിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുത്.''-മൗലാന മഹ്‌മൂദ് അസദ് മദനി അഭ്യര്‍ത്ഥിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനും പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമുഖ പണ്ഡിതന്‍ മൗലാന സഹീര്‍ അബ്ബാസ് റിസ്വി ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍ ചിശ്തി ഫൗണ്ടേഷന്റെ തലവനും അജ്മീര്‍ ശരീഫ് ദര്‍ഗയുടെ തലവനുമായ സയ്യിദ് സല്‍മാന്‍ ചിശ്തി ദുഖം രേഖപ്പെടുത്തി.

ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള ഭീരുത്വം നിറഞ്ഞ ആക്രമണമാണിതെന്ന് ഇന്റര്‍ ഫെയ്ത്ത് ഹാര്‍മണി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ഖ്വാജ ഇഫ്തിക്കര്‍ അഹമ്മദ് പറഞ്ഞു.

സ്‌ഫോടനം ഇന്റലിജന്‍സിന്റെയും സുരക്ഷയുടെയും പൂര്‍ണ്ണ പരാജയമാണെന്ന് മുസ്‌ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. തസ്‌ലിം റഹ്‌മാനി പറഞ്ഞു. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്ത് മുതല്‍ ഹരിയാന വരെ നിരവധി അറസ്റ്റുകള്‍ നടന്നിട്ടുണ്ട്. ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. എന്നിട്ടും, ജാഗ്രത പാലിക്കാത്തത് എന്തുകൊണ്ട്? ഇത് സര്‍ക്കാരിന്റെ പരാജയമാണ്.''-അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തെ എല്ലാവരും ശക്തമായി അപലപിക്കണമെന്നും മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന രീതിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഉത്തരവാദിത്തമില്ലാത്ത റിപ്പോര്‍ട്ടിംഗും വര്‍ഗീയ മുദ്രകുത്തലും ഭയവും അവിശ്വാസവും വര്‍ധിപ്പിക്കുകയേ ഉള്ളൂയെന്ന് ആക്ടിവിസ്റ്റ് സമീന ഖാന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഇരകള്‍ പ്രചാരണമല്ല, സത്യമാണ് അര്‍ഹിക്കുന്നതെന്നും സമീന ഖാന്‍ കൂട്ടിച്ചേര്‍ത്തു.