താമരശ്ശേരി ചുരത്തില്‍ ക്രെയ്‌നും വര്‍ക്ക്‌ഷോപ്പും വേണം: മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാന്‍ കോഴിക്കോട്-വയനാട് ജില്ലാ കലക്ടര്‍മാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ചൊവ്വാഴ്ച ഏഴാം വളവില്‍ കണ്ടെയ്നര്‍ ലോറി കേടായതിനെത്തുടര്‍ന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.ചുരത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നല്‍കണം. ചുരത്തില്‍ ശൗചാലയസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വാഹനങ്ങള്‍ കേടായാല്‍ തകരാര്‍ അടിയന്തരമായി പരിഹരിക്കുന്നതിനും വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കംചെയ്യുന്നതിനുമായി ക്രെയിനും വര്‍ക്ക്ഷോപ്പും വേണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷന്‍ മുന്‍പ് നല്‍കിയ ഉത്തരവ് പൂര്‍ണമായി നടപ്പാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജനുവരിയില്‍ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.