പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്

Update: 2025-03-06 03:12 GMT

കൊല്ലം: പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോവുന്ന ഗൗരവതരമായ സ്ഥിതിയുണ്ടെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്. സംസ്ഥാന സമിതി അംഗീകരിച്ച റിപോര്‍ട്ട് ഇന്ന് സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോര്‍ച്ചയെ അതീവ ഗൗരവമായി കാണണമെന്ന് റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്കു മറിഞ്ഞിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു യുഡിഎഫ് വോട്ടു ചോര്‍ച്ച കാരണമായെങ്കിലും എല്‍ഡിഎഫിന്റെ വോട്ടും ബിജെപിക്കു കിട്ടി. തൃശൂരിലെ ബിജെപി വിജയം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി. തൃശൂരിലടക്കം മിക്ക മണ്ഡലങ്ങളെക്കുറിച്ചും ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപോര്‍ട്ട് പിഴച്ചു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് നില്‍ക്കേണ്ടതെന്ന മതനിരപേക്ഷ ചിന്താഗതിയുള്ളവരുടെ നിലപാടാണു നിര്‍ണായകമായതെന്നും റിപോര്‍ട്ട് പറയുന്നു.

കൊല്ലത്താണ് സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നത്. സീതാറാം യെച്ചൂരിയുടെ പേരില്‍ ആശ്രാമം മൈതാനിയില്‍ ഒരുക്കിയ പൊതുസമ്മേളന നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി. ഇന്ന് രാവിലെ ഒമ്പതിന് ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗവും കോഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തും.