''മുകേഷിന്റേത് 'തീവ്രത കുറഞ്ഞ' പീഡനം; രാഹുലിന്റേത് 'അതിതീവ്ര' പീഡനം'': മഹിളാ അസോസിയേഷന്‍ നേതാവ്
പത്തനംതിട്ട: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണന്നും സിപിഎം എംഎല്‍എയും നടനുമായ എം മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമാണെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. പത്തനംതിട്ട പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലായിരുന്നു താരതമ്യം. പീഡനത്തില്‍ മുകേഷിനെതിരേ കൃത്യമായ തെളിവുകളില്ല. അത് പീഡനമാണെന്ന് ആരും അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തന്നെ തുടര്‍നടപടികളും ശിക്ഷാ നടപടികളുമില്ല. അത് നിയമം പരിശോധിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞവര്‍ക്കാണ് പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയതെന്നും അവര്‍ ആരോപിച്ചു. അടൂര്‍ നഗരസഭയില്‍ രാഹുലിന്റെ അടുത്തസുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍, പള്ളിക്കല്‍ പഞ്ചായത്തില്‍ പഴകുളം ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ ശ്രീനാദേവി കുഞ്ഞമ്മ എന്നിവര്‍ സ്ഥാനാര്‍ഥികളാണ്. സ്ത്രീ സമൂഹത്തിന് നാണക്കേടാകും വിധം രാഹുലിനെ പുകഴ്ത്തിയ ശ്രീനാദേവി കുഞ്ഞമ്മയ്ക്കും സീറ്റുനല്‍കി. ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. വരും ദിവസങ്ങളില്‍ രാഹുലിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
