ധനരാജ് കൊലക്കേസ്: പ്രതികളായ ആര്‍എസ്എസുകാരുടെ ചിത്രം എടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍; തളിപ്പറമ്പ് കോടതിയിലാണ് സംഭവം

Update: 2025-10-21 10:49 GMT

തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആര്‍എസ്എസുകാരുടെ ചിത്രം എടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയില്‍. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുമ്പോള്‍ പ്രതിക്കൂട്ടിലുണ്ടായിരുന്ന പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ജ്യോതിയെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ജ്യോതി ചിത്രം എടുക്കുന്നത് കണ്ട ജഡ്ജിയാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലിസ് പറയുന്നു.

2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. രാത്രി കല്ലേറ്റുംകടവില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ ആര്‍എസ്എസ് സംഘമാണ് വീടിന് മുന്നിലിട്ട് വെട്ടിയത്. നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ എട്ടിക്കുളം മൊട്ടക്കുന്നിലെ ടി പി ബിജു, എം വിപിന്‍, എം വൈശാഖ്, സി സുകേഷ്, സി സുകേഷ്, കെ അനൂപ്, പണ്ഡാരവളപ്പില്‍ രാജേഷ്, കെ എം ബിജു എന്ന ആലക്കാട്ട് ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, സി ബിജു, പി ധനേഷ്, പി പി രാജീവന്‍, കെ മധു, എസ് ആര്‍ അജീഷ്, തന്പാന്‍ മണിയേരി, പി രമേശന്‍, എം, എ വി നിജേഷ്, ലിജിന്‍ എന്നീ 20 പേരാണ് പ്രതികള്‍.