പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പോലിസ് ലാത്തി വീശി; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

Update: 2025-10-10 15:40 GMT

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ക്കും പരിക്കുണ്ട്. ചുണ്ടിന് പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പേരമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു. ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പമോദിന് മര്‍ദനമേറ്റതായി ആരോപിച്ച് സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെയാണ് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതിനിടെ പോലിസിന് നേരെ കല്ലേറും ഉണ്ടായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.