സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാവും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Update: 2026-02-28 02:09 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിര്‍ണായകമായ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.

ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍ അക്കാര്യം നിര്‍ദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുക. പി ബി അംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ അതാത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.