എസ്ഡിപിഐ പ്രതിഷേധത്തിന് നേരെ സിപിഎം അതിക്രമം; തുണിപൊക്കി കാട്ടി സിപിഎം പ്രവര്‍ത്തകന്‍ (വീഡിയോ)

Update: 2025-03-17 15:56 GMT

ചക്കരക്കല്‍(കണ്ണൂര്‍): ടൗണ്‍ റോഡ് വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച്ച വൈകീട്ട് ചക്കരക്കല്‍ ടൗണ്‍ കേന്ദ്രീകരിച്ച് എസ്ഡിപിഐ ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലേക്കാണ് കണയന്നൂര്‍ മുട്ടിലെച്ചിറ സ്വദേശി രമേശന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അതിക്രമിച്ചു കയറുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തിയ രമേശന്‍ മുണ്ട് പൊക്കി അശ്ലീലം കാണിക്കുകയും ചെയ്തു. സംഭവത്തില്‍ ചക്കരക്കല്‍ പോലിസില്‍ പരാതി നല്‍കി.

സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ അതിക്രമം അഴിച്ചു വിട്ടത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ രാഷ്ട്രീയം മറന്ന് പ്രതിഷേധം ശക്തമാക്കിയതിലെ വിദ്വേഷമാണ് എസ്ഡിപിഐക്ക് മേല്‍ സിപിഎം ചൊരിയുന്നതെന്നും ജനാധിപത്യ മാര്‍ഗത്തിലെ പ്രതിഷേധം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുത രാഷ്ട്രീയം ജനം തിരിച്ചറിയണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രകടനത്തിന് പഞ്ചായത്ത് ഭാരവാഹികളായ മുബശ്ശിര്‍, അലി എന്നിവര്‍ നേതൃത്വം നല്‍കി.