കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പരാതി നല്‍കിയ സിപിഎം നേതാവിന്റെ വീട്ടുനമ്പരില്‍ 22 വോട്ടുകള്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്കെതിരേ പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്റെ വീട്ടു നമ്പറില്‍ 22 വോട്ടുകളുണ്ടെന്ന് കോണ്‍ഗ്രസ്. പരാതിക്കാരനായ ധനേഷിന്റെ മേല്‍വിലാസത്തിലും തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സിപിഎം മുട്ടട ബ്രാഞ്ച് അംഗമാണ് ധനേഷ് കുമാര്‍. ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയില്‍ ധനേഷിന്റെ പേരിനൊപ്പമുള്ളത്. ഇതേ വീട്ട് നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം. അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം, തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍ തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്താന്‍ കാരണം.
എന്നാല്‍, താന്‍ വോട്ടൊന്നും അധികമായി ചേര്‍ത്തിട്ടില്ലെന്നും ഒരു നമ്പറില്‍ 22 പേരുകളില്‍ വീടുകളുണ്ടായത് സാങ്കേതിക തകരാര്‍ സംഭവിച്ചതാവാം എന്നും ധനേഷ് കുമാര്‍ പറഞ്ഞു. 'വൈഷ്ണയ്ക്കെതിരെ മാത്രമല്ല, മറ്റ് ആറ് പേര്‍ക്ക് എതിരെ കൂടി പരാതി നല്‍കിയിട്ടുണ്ട്. ഈ ആളുകള്‍ ഏഴ് വര്‍ഷമായി നമ്മുടെ ബൂത്തില്‍ താമസമില്ല. സെപ്റ്റംബറില്‍ വോട്ടര്‍ പട്ടിക വന്നപ്പോഴെ പരാതി കൊടുത്തിരുന്നു. അധികമായി വോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പരാതി നല്‍കിയത്. ഈ വാര്‍ഡില്‍ താമസമില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണ് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ പരാതിയില്‍ പറഞ്ഞത്. ആ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നത്. സ്ഥാനാര്‍ഥി ആകുമോ ഇല്ലയോ എന്നൊന്നും നോക്കിയല്ല പരാതി കൊടുത്തത്'- ധനേഷ് പറഞ്ഞു.
