കണ്ണൂര്‍: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവത്തില്‍ വര്‍ഗീയ പ്രസംഗവുമായി സിപിഎം നേതാവ്. കേരളത്തില്‍ ഉസ്താദുമാര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടും അതൊന്നും വിവാദമാക്കിയില്ലെന്നും ആ കേസുകളുടെ സ്ഥിതി എന്താണെന്ന് അറിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ പറഞ്ഞു.
Full View
''ഈ കേസില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിന്തുണയോ സഹായമോ നല്‍കുകയല്ല ചെയ്തത്. പീഡനത്തെ സിപിഎമ്മിനെതിരേ തിരിച്ചുവിടാന്‍ ശ്രമിച്ചു.....ഏത് ഉസ്താദ് പീഡിപ്പിച്ച സംഭവമാണ് ഇത്ര വിവാദമായത്. ഈ കേസുകളില്‍ എന്തു സംഭവിച്ചു..... നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നതല്ല,. പീഡിപ്പിച്ചത് ഹിന്ദുവാണ് എന്നതാണ്. പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ്. അത് എസ്ഡിപി ഐക്കാരുടെ ചിന്തയാണ്. കുടുസായ ചിന്തയാണ് അത് ലീഗിന്റെ ചിന്തയാണ്. അത് വര്‍ഗീയതയാണ്......''-ഹരീന്ദ്രന്‍ ആരോപിച്ചു.
ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ പത്മരാജനെ കോടതി ശിക്ഷിച്ചത്. മരണം വരെ തടവാണ് ശിക്ഷ. അതിന് പിന്നാലെ ഹിന്ദുക്കളെ 'ജിഹാദികള്‍' വേട്ടയാടുന്നുവെന്ന ആരോപണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതിന് സമാനമായ പരാമര്‍ശമാണ് സിപിഎം നേതാവും നടത്തിയിരിക്കുന്നത്.