മകന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന്; തൂപ്പുകാരിയെ പിരിച്ചുവിട്ട് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക്
തൊടുപുഴ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി മകന്‍ പ്രവര്‍ത്തിച്ചതിന് തൂപ്പുകാരിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടെന്ന് ആരോപണം. സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.
നിസയുടെ ഭര്‍ത്താവും സിപിഎം പ്രവര്‍ത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്ന ഭര്‍ത്താവ് ടി എ ഷിയാസ് പതിനൊന്ന് വര്‍ഷം മുമ്പാണ് മരിച്ചത്. 6 വര്‍ഷമായി നിസ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്നു. 2 മാസം മുന്‍പാണ് ശമ്പളം 500 രൂപ കൂടി ഉയര്‍ത്തി 5,000 രൂപയാക്കിയത്. ശമ്പളവും പുതുവര്‍ഷ ബോണസായി 1,000 രൂപയും കൂടി നല്‍കിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നല്‍കിയ 1,000 രൂപ തിരികെക്കൊടുത്തശേഷം നിസ ജോലി വിട്ടിറങ്ങി.
തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡായ കീരികോടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി പതിനാറ് വയസുള്ള മകന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചതിനാല്‍ തടഞ്ഞില്ലെന്നും നിസ പറയുന്നു. എല്‍ഡിഎഫ് സ്വാധീന മേഖലയായ വാര്‍ഡില്‍ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതത്രെ. പിരിച്ചുവിടുന്നതിനെതിരേ ബാങ്കില്‍ ജോലി നല്‍കിയ അന്നത്തെ പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും നിസ കണ്ടിരുന്നു. അവര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ പിരിച്ചു വിടുകയായിരുന്നുവത്രെ. നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് സമൂഹമാധ്യമത്തിലുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കിയിരുന്നു. ബാങ്ക് അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല.
