അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
മലപ്പുറം: മുസ് ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് സിപിഎം. തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.
പിഎംഎ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഈ അതൃപ്തി മുതലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്‌മാന്‍ പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിക്കുന്നത്.
ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
എന്നാല്‍, ഇന്ന് രാവിലെ വീണ്ടും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാന്‍ രണ്ടത്താണി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അതേസമയം മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ അതൃപ്തിയും പാര്‍ട്ടി കേള്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
