സ്വര്‍ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയെന്ന് സിപിഎം

Update: 2025-12-29 01:29 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള ആരോപണവും കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതും തദ്ദേശതിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പാര്‍ട്ടിക്കെതിരായുള്ള പ്രചരണായുധമായി മാറിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സര്‍ക്കാര്‍ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശശുദ്ധി എതിരാളികള്‍ വളച്ചൊടിച്ചുവെന്നും പിഎം ശ്രീയില്‍ ഒപ്പുവെച്ചതോടെ സിപിഎം-ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് ശക്തിയായി എന്നും യോഗത്തില്‍ വിലയിരുത്തി. കൊടുങ്ങല്ലൂരിലും നിലവില്‍ ബിജെപിക്ക് അധികാരം ഉണ്ടായിരുന്ന പന്തളത്തും സിപിഎം നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സമാനമായ പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലം വന്നതുമുതലുള്ള ദിവസങ്ങളില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നടത്തിയിരുന്നത്. എന്നാല്‍ നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ ഓരോന്നായി യോഗത്തില്‍ മറ്റ് നേതാക്കള്‍ എണ്ണിപ്പറയുകയാണ് ഉണ്ടായത്. പിഎം ശ്രീയില്‍ ഒപ്പുവെച്ചത് തെറ്റായ നടപടിയായിരുന്നു എന്നും ഇത് മലബാര്‍ മേഖലയിലെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോകുന്നതിന് കാരണമായെന്നും യോഗം വിലയിരുത്തി. ഇതിനുപിന്നാലെ പാരഡി ഗാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത എല്ലാ നടപടികളും പാളിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി.