ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ചു; ദക്ഷിണകന്നഡയിലെ സിപിഎം നേതാവിനെതിരേ കേസ്
മംഗളൂരു: പുത്തൂരു ഗവണ്‍മെന്റ് ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ വര്‍ഗീയ സ്വഭാവത്തെ കുറിച്ചും സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെ കുറിച്ചും സംസാരിച്ച സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കട്ടിപ്പള്ളക്കെതിരെ കേസെടുത്തു. വാര്‍ത്താഭാരതി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുസലാം പുത്തിഗയേയും കേസില്‍ പോലിസ് പ്രതിചേര്‍ത്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പുത്തൂര്‍ യൂണിറ്റ് കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. കേസെടുത്തതിനെ സിപിഎം അപലപിച്ചു.
ജനാധിപത്യ വിരുദ്ധ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ അസോസിയേഷനിലെ ചില അംഗങ്ങള്‍ക്ക് വര്‍ഗീയ താല്‍പര്യങ്ങളുണ്ട്. പ്രദേശത്തെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും പ്രസ്താവന പറയുന്നു.
എഫ്‌ഐആറിനെതിരെ നിയമപോരാട്ടവും പൊതുജന പ്രതിഷേധ പ്രസ്ഥാനവും ആരംഭിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകളുമായി സഹകരിച്ച് അപലപന യോഗങ്ങള്‍ നടത്താനും അസോസിയേഷന്റെ പുത്തൂരു, മംഗളൂരു ശാഖകളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ കേന്ദ്ര സമിതിക്ക് രേഖകള്‍ സഹിതം വിശദമായ നിവേദനം നല്‍കാനും പദ്ധതിയിട്ടിട്ടുണ്ട്.
പുത്തൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ സന്ദര്‍ശിക്കാനെത്തിയ ദമ്പതികളുമായാണ് ഡോക്ടര്‍മാര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിലാണ് മുനീര്‍ കട്ടിപ്പള്ള നിലപാട് സ്വീകരിച്ചത്. വയനാട് സ്വദേശി അഷ്‌റഫിനെ കുഡുപ്പുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം പുറത്തുകൊണ്ടുവരുന്നതിലും മുനീര്‍ കട്ടിപ്പള്ള നിര്‍ണായക പങ്കുവഹിച്ചിരുന്നു.
