സിപിഐ ജില്ലാ കമ്മിറ്റി അംഗം ബിജെപിയില്‍

Update: 2026-01-19 15:00 GMT

മലപ്പുറം: സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡായ കരുണാലയപ്പടിയില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടാണ് അരുണ്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ഷംസുദ്ദീനാണ് വിജയിച്ചത്. 714 വോട്ടാണ് ഷംസുദ്ദീന് ലഭിച്ചത്. അരുണിന് 414 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. താന്‍ എന്ത് ചെയ്താലും പ്രാദേശിക നേതൃത്വം അതില്‍ കുറ്റം കണ്ടെത്തുകയാണെന്നും തനിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും അരുണ്‍ ആരോപിച്ചു. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേൃത്വത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് പാര്‍ട്ടി വിട്ടതെന്നും അരുണ്‍ പറഞ്ഞു.