''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും ജാതിയും'' ശാരദ മുരളീധരന് പിന്തുണയുമായി സി പി എ ലത്തീഫ്

Update: 2025-03-26 16:30 GMT

തിരുവനന്തപുരം: ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് മലയാളി സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണ നല്‍കികൊണ്ടുള്ള ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. ഏറ്റവും ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് പോലും നിറവും ജാതിയും മതവും നോക്കി വിവേചനം നേരിടേണ്ടി വരുന്നു എന്നത് എത്രമാത്രം ആപത്കരമാണെന്നും സി പി എ ലത്തീഫ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ,

നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന നിറവും ജാതിയും

ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് മലയാളി സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ്. സർക്കാരിലെ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് പോലും നിറവും ജാതിയും മതവും നോക്കി വിവേചനം നേരിടേണ്ടി വരുന്നു എന്നത് എത്രമാത്രം ആപത്കരമാണ്. തന്റേയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ പരിഹസിച്ചവരെ പരാമർശിച്ചു കൊണ്ടാണ് ശാരദ മുരളീധൻ പ്രതികരിച്ചിരിക്കുന്നത്.

ആലപ്പുഴ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ചൗക്കിദാറായി ജോലി ചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട്​ ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയത് അയിത്താചാരം ഇപ്പോഴും നിലനിൽക്കുന്നു എന്നതിന് ഉദാഹരണമാണ്. എറണാകുളം ജില്ലാ ജയില്‍ ഡോക്ടറായ ബെല്‍നക്കെതിരെ ജയിലിലെ ഫാർമസിസ്റ്റ് ഉന്നയിച്ച ആരോപണവും ഗൗരവതരമാണ്. ഡോക്ടറുടെ ശുചി മുറി കഴുകിപ്പിക്കൽ, മേശയിലെ എച്ചിൽ തുടപ്പിക്കൽ, ജാതിപ്പേരു വിളിച്ച് നിരന്തരം ആക്ഷേപം, വാഹനമിടിപ്പിച്ച് കൊല്ലുമെന്ന ഭീഷണി എന്നിവയാണ് ഫാർമസിസ്റ്റിന്റെ പരാതിയിലുള്ളത്. ഈ വിഷയങ്ങളിലെ പ്രബുദ്ധകേരളത്തിൻ്റെ മൗനം അപലപനീയമാണ്.

ജാതി -മത -നിറ വിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിൻ്റെയും നാടായിരിക്കണം നമ്മുടെ കേരളം. ആ ഉത്തരവാദിത്വം നമ്മൾ ഓരോ മലയാളികളുടേതുമാണ്. കാലം മാറിയിട്ടും സമ്പൂർണ സാക്ഷരതയുടെയും പുരോഗമനത്തിന്റെയും മേലങ്കിയണിയുമ്പോഴും ജാതീയമായ ഉച്ചനീചത്വങ്ങളും നിറം നോക്കിയുള്ള നീച പ്രയോഗങ്ങളും മലയാളിമനസ്സിൽ എത്രമേൽ ആഴത്തിൽ വേരോടിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടുവെന്ന് ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു ഉദ്യോഗസ്ഥക്ക് തന്നെ തുറന്നു പറയേണ്ടിവരുമ്പോൾ സാധാരണക്കാരൻ എവിടെയൊക്കെ ഇത്തരം വേർതിരിവുകൾ നേരിടേണ്ടി വന്നിട്ടുണ്ടാകാമെന്നോർക്കണം. നിറത്തിൻ്റെ പേരിൽ സഹജീവികളിൽനിന്ന് വിവേചനമുണ്ടാകുന്നുവെന്ന് ഒരു മനുഷ്യന് തോന്നുന്നതുപോലും പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ല. 1955-ൽ അയിത്തം നിയമംമൂലം നിരോധിച്ച് പൗരാവകാശ സംരക്ഷണത്തോട് നാം ഐക്യപ്പെട്ടത് മഹാത്മജിമുതൽ ഡോ. ബി.ആർ. അംബേദ്കറും അയ്യങ്കാളിയും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും കെ. കേളപ്പനുമടക്കമുള്ള ഒട്ടേറെ മഹത്തുക്കളുടെ നീണ്ട കാലത്തെ സമരപോരാട്ടങ്ങളുടെ ഫലമായിരുന്നു. എന്നാൽ, ദൗർഭാഗ്യമെന്നോണം, അടുത്തിടെയായി അത്തരം സംഭവങ്ങൾ കേരളത്തിലുമുണ്ടാകുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു.

കേരളത്തിലെ ഒരു ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് ദേവസ്വം മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ നിലവിളക്കിൽ കൊളുത്താനുള്ള ദീപം മേൽശാന്തി തനിക്കു കൈമാറാതെ നിലത്തുവെച്ചെന്നും തന്റെ പണത്തിനില്ലാത്ത അയിത്തം തനിക്കു മാത്രമെങ്ങനെയുണ്ടായെന്നുമാണ് അന്ന് അദ്ദേഹം പൊതുസമൂഹത്തോട് ചോദിച്ചത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സഹപ്രവർത്തകയും മോഹിനിയാട്ടം നര്‍ത്തകിയുമായ സത്യഭാമ നടത്തിയ ജാതിയധിക്ഷേപം കേരളം മറന്നിട്ടില്ല. കൊവിഡ് കാലത്തെ മാര്‍ഗനിര്‍ദേശങ്ങളെ കൂട്ടുപിടിച്ച് 'നമ്പൂതിരി ആചരിച്ചിരുന്ന ചിലതെല്ലാം നല്ലതായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു' എന്ന് യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ എഡിറ്റോറിയലിൽ തീണ്ടാപ്പാടകലത്തെ പ്രകീര്‍ത്തിച്ച് എഴുതിയപ്പോൾ അതിനെ അനുകൂലിച്ചവരുണ്ട് എന്ന് നാം മറന്നു പോകരുത്. ആരാധനാലയത്തിലെ വാണിജ്യ ഇടപാടിന് കരാറെടുത്ത താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ ചിലർ സംഘം ചേർന്ന് മർദിച്ച സംഭവമുണ്ടായത് അടുത്തകാലത്താണ്. ഗുരുതര കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾമാത്രം അവ വാർത്തയും പിന്നീട് നിയമനടപടികളുമാകുമെന്നുമാത്രം. നിറത്തിൻ്റെയും മതത്തിൻ്റെയും ജാതിയുടെയും വിവേചനമില്ലാത്ത മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിൻ്റെയും നാടായിരിക്കണം നമ്മുടെ കേരളം. ശാരദാ മുരളീധരന് എല്ലാവിധ പിന്തുണയും നൽകുന്നു.

സിപിഎ ലത്തീഫ്

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്