ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം; ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും: സിപിഎ ലത്തീഫ്
കോട്ടയം:കേരളത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി നടത്തിയ അന്യായ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്നു വരുന്ന എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഇഡിയെ ഒരു ചട്ടുകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് സര്‍ക്കാരെന്നും അതിന്റെ അവസാനത്തെ ഇരയാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും. രണ്ട് വര്‍ഷം മുന്‍പ് ഇഡി കെട്ടിച്ചമച്ച കേസില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദേശീയ അധ്യക്ഷന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ജനുവരിയില്‍ എം കെ ഫൈസി ഇഡിയുടെ ഡല്‍ഹിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌ലിലെത്തി മൊഴി നല്‍കിയിരുന്നു. അന്നത്തെ ഇഡിയുടെ അന്വേഷണത്തില്‍ പ്രത്യേകിച്ച് ഒരു സാമ്പത്തിക ക്രമക്കേടും കണ്ടെത്താനായില്ല. എന്നാല്‍ പിന്നീട് ഇതേ പേരില്‍ ഇഡി നോട്ടിസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ട് ഹാജരാകുന്നതിനായി രണ്ടാം തിയതി കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയത്. എന്നാല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് വളരെ ആസൂത്രിതമായാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ത്യയില്‍ വളരെ ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന എസ്ഡിപിഐയെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി നടക്കുന്ന വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ് റെയ്ഡ് അടക്കമുള്ള ഈ പ്രവര്‍ത്തികളൊക്കെയും. ജനാധിപത്യ സംവിധാനത്തിലൂടെ കൃത്യമായ ഭരണഘടനയുള്ള, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയന്ത്രണങ്ങളിലും പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐക്കെതിരേ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പകപോക്കലിന് പ്രധാന കാരണം വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപകമായി പാര്‍ട്ടി അതിശക്തമായി നിലയുറപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.