അലീഗഡ്: കോഴിയും മീനുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ അലീഗഡിലെ കുദ് ഫതേഹ്ഗഡിലാണ് സംഭവം. പശുവിറച്ചി കടത്തുകയാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമണം അഴിച്ചുവിട്ടത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലിസ് വാഹനം പരിശോധിക്കുകയാണ് ചെയ്തത്. വാഹനത്തില്‍ കോഴിയും മീനുമാണ് കണ്ടെത്തിയത്. വലിയ ദുരന്തമാണ് ഒഴിവായതെന്ന് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലിസ് എത്താന്‍ വൈകുകയായിരുന്നുവെങ്കില്‍ കൊലപാതകങ്ങള്‍ നടന്നേനെ എന്നും അദ്ദേഹം പറഞ്ഞു.
ആരു വേണമെങ്കിലും ആക്രമിക്കപ്പെടാനും കൊല്ലപ്പെടാനും സാധ്യതയുള്ള കാലമാണിതെന്ന് പ്രദേശവാസിയായ അബ്ദുല്‍ കരീം പറഞ്ഞു. മേയ് 25നാണ് പ്രദേശത്ത് നാലു മുസ്‌ലിം യുവാക്കളെ ഹിന്ദുത്വ സംഘം ആക്രമിച്ചത്. ബീഫ് കടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ ഇപ്പോളും ആശുപത്രിയിലാണ്. അതേസമയം, പോലിസ് പിടിച്ചെടുത്ത മാംസം എരുമ മാംസമാണെന്നാണ് ലാബിലെ പരിശോധനാ ഫലം പറയുന്നത്.