പാര്‍ലമെന്റ് ഉദ്ഘാടന വേളയില്‍ അനുഗ്രഹത്തിനായി പശുവും വേണമായിരുന്നു: ശങ്കരാചാര്യര്‍
മുംബൈ: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത വേളയില്‍ അനുഗ്രഹത്തിനായി പശുവും വേണമായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. പശുവിന്റെ രൂപം അടങ്ങിയ ചെങ്കോലുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ കടന്നത്. ''അനുഗ്രഹം നല്‍കാന്‍ ഒരു യഥാര്‍ത്ഥ പശുവിനെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് കൊണ്ടുപോവണമായിരുന്നു. ഇക്കാര്യത്തില്‍ കാലതാമസമുണ്ടായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ പശുക്കളെ പാര്‍ലമെന്റില്‍ എത്തിക്കും. ഇത് പ്രധാനമന്ത്രിക്കും കെട്ടിടത്തിനും അനുഗ്രഹം ഉറപ്പാക്കും.''-അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
പശുക്കളെ ആദരിക്കുന്നതിനുള്ള ചട്ടം മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''പശുവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് മഹാരാഷ്ട്ര ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആളുകള്‍ പാലിക്കേണ്ട ചട്ടം രൂപീകരിക്കുകയും ലംഘിക്കുന്നവരെ ശിക്ഷിക്കുകയും വേണം.''-അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും 100 പശുക്കളെ ഉള്‍ക്കൊള്ളുന്ന തൊഴുത്ത് ഉണ്ടായിരിക്കണം. പശുക്കളെ സംരക്ഷിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിയമനിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ മാത്രമേ ജനങ്ങള്‍ പിന്തുണയ്ക്കാവൂ എന്ന് ശങ്കരാചാര്യര്‍ പറഞ്ഞു.
