പഞ്ചഗവ്യവും കാന്‍സര്‍ ചികില്‍സയും; ഗവേഷണ ഫണ്ടില്‍ വന്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍
ഭോപ്പാല്‍: പശുവിന്റെ ചാണകവും മൂത്രവും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന പഞ്ചഗവ്യം കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ ചികില്‍സിക്കാന്‍ ഉപയോഗിക്കാനാവുമോ എന്ന ഗവേഷണത്തിന് നല്‍കിയ ഫണ്ടില്‍ വന്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍. നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ 3.5 കോടി രൂപ ചെലവഴിച്ച് നടത്തിയ ഗവേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2011ലാണ് യൂണിവേഴ്സ്റ്റിയില്‍ എട്ടു കോടി രൂപയുടെ ഗവേഷണം ആരംഭിച്ചത്. സര്‍ക്കാര്‍ ഇതിന് വേണ്ടി 3.5 കോടി രൂപയും അനുവദിച്ചു. എന്നാല്‍, പദ്ധതിയില്‍ തട്ടിപ്പ് നടന്നെന്ന് ആരോപണം വന്നതോടെ കലക്ടര്‍ അന്വേഷണം നടത്തി. 15-20 ലക്ഷം രൂപ വിലവരുന്ന ചാണകവും പാത്രങ്ങളും മറ്റും 1.92 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് പ്രധാന കണ്ടെത്തല്‍. പഞ്ചഗവ്യ പദ്ധതിയുടെ ഭാഗമായി ഗവേഷകര്‍ ഗോവയിലേക്ക് പോയെന്നും കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ ഒരു പതിറ്റാണ്ട് ഗവേഷണം നടത്തിയിട്ടും പഞ്ചഗവ്യം കൊണ്ട് കാന്‍സറിനോ മറ്റോ പരിഹാരവും കാണാനും സാധിച്ചില്ല. ഈ റിപോര്‍ട്ടിന്റെ പകര്‍പ്പ് ഡിവിഷണല്‍ കമ്മീഷണര്‍ക്ക് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക.