കോവിഡ് വര്‍ധിക്കുന്നു: ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
273 കോവിഡ് കേസുകളാണ് മെയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവിധ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങളും യോഗം നിര്‍ദേശിച്ചു.
പ്രതിരോധ മാര്‍ഗങ്ങള്‍
മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല.
മഞ്ഞപ്പിത്തം ബാധിച്ചവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം.
രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ല.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
കുടിവെള്ളം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം.
മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റര്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പുലര്‍ത്തണം.

